Saturday, January 4, 2025
Kerala

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കും

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിന് സര്‍ചാര്‍ജ് ഉത്തരവ് പുറത്തിറക്കി. ബാങ്കിന് നഷ്ടപ്പെട്ട 8.34 കോടി രൂപ അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കാനാണ് ഉത്തരവ്. തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസും അന്തിമ ഘട്ടത്തിലാണ്.

2017-18 കാലയളവിലെ ഓഡിറ്റിലാണ് കോടികളുടെ വായ്പ്പാ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ടായ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. അഴിമതി നടത്തിയ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാന്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എ ഷാജന്‍ ഉത്തരവിട്ടു. തട്ടിപ്പ് കാലയളവിലെ ഭരണസമിതി അംഗങ്ങള്‍ മുന്‍ സെക്രട്ടറി മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ എന്നിവരുടെ സ്ഥാവര ജംഗമ വസ്തുക്കളില്‍ നിന്നും റവന്യു റിക്കവറികള്‍ വഴി പണം തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങി.

മുന്‍ ഭരണസമിതി അംഗങ്ങള്‍ സജീവന്‍ കൊല്ലപ്പള്ളി എന്ന ബിനാമി ഇടപാടുകാരനെ ഉപയോഗിച്ച് മൂല്യം കുറഞ്ഞ ഭൂമി ഈട് നല്‍കിയാണ് വായ്പാ ക്രമക്കേട് നടത്തിയത്. നേരത്തെ ഇറക്കിയ സര്‍ ചാര്‍ജ്ജ് ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ചാര്‍ജ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *