മലയോരമേഖലകളില്‍ മഴ കനക്കുന്നു; വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍; പേരാവൂരില്‍ വന്‍ നാശനഷ്ടം
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. കോട്ടയത്തും കണ്ണൂരും വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലില്‍ കണ്ണൂര്‍ പേരാവൂരില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. പേരാവൂരില്‍ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പേരാവൂര്‍ നെടുംപോയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കണിച്ചാറിലും പൂളക്കുറ്റിയിലും ഉള്‍പ്പെടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നെടുംപോയിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
കോട്ടയം തീക്കോയി മാര്‍മല അരുവിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായെന്നും വിവരമുണ്ട്. തീക്കോയി പഞ്ചായത്തിലെ ഒറ്റഈട്ടിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.