ഉരുള്‍പൊട്ടല്‍: ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി; ദുരന്തഭൂമിയായി കുടയത്തൂര്‍
ഇടുക്കി തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച അഞ്ചുപേരുടേയും മൃതദേഹം കണ്ടെത്തി. കുടയത്തൂര്‍ സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മാളിയേക്കല്‍ കോളനിയിലെ സോമന്‍ എന്നയാളുടെ കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. കുടുംബം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. സോമന്‍, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഭാര്യ ഷിജി, ചെറുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: കോട്ടയത്തും പത്തനംതിട്ടയിലും വ്യാപക മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷമാണ്. പത്തനംതിട്ടയിലും കോട്ടയത്തും വ്യാപക മഴ ഇന്നലെ രാത്രി മുതല്‍ തുടരുകയാണ്. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നെടുംകുന്നം, മാന്തുരുത്തി, മണിമല, പാമ്പാടി, കറുകച്ചാല്‍ മേഖലകളിലാണ് വെള്ളക്കെട്ടുള്ളത്.