കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ ദുരന്തം; അനുശോചിച്ച് മുഖ്യമന്ത്രി
തൊടുപുഴക്ക് സമീപമുള്ള കുടയത്തൂര്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
‘മാളിയേക്കല്‍ കോളനിയില്‍ പുലര്‍ച്ചെ 3.30 ന് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ചിറ്റടിച്ചാലില്‍ സോമന്‍, ഭാര്യ ഷിജി, മാതാവ് തങ്കമ്മ, മകള്‍ ഷിമ, ഷിമയുടെ മകന്‍ ദേവാനന്ദ് എന്നിവര്‍ മരിച്ചത്. പൊടുന്നനെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സോമന്റെ വീട് ഒലിച്ചു പോവുകയായിരുന്നു. ബന്ധുമിത്രാദികളുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’. മുഖ്യമന്ത്രി കുറിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. സോമന്‍, മാതാവ് തങ്കമ്മ, ഭാര്യ ഷീജ, മകള്‍, മകളുടെ മകന്‍ ദേവനന്ദ്, എന്നിവരാണ് മരിച്ചത്. സമീപത്ത് കോളനിയുണ്ടായിരുന്നെങ്കിലും മറ്റ് വീടുകള്‍ ദുരന്തത്തില്‍ നിന്നൊഴിവായി. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് അതിതീവ്രമായ മഴയായിരുന്നു.