Wednesday, April 16, 2025
Kerala

ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയെ ബീച്ച് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലെത്തിച്ച ആംബുലന്‍സിന്റെ വാതിലാണ് തുറക്കാന്‍ കഴിയാതെ പോയത്. മഴു ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് രോഗിയെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇന്നലെ 3.30-നാണ് സംഭവം നടക്കുന്നത്. കോയമോന്‍ നടന്നുപോകുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം സംഭവിച്ചിരുന്നത്. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ആംബുലന്‍സിലാണ് കോയമോനെ ആംബുലന്‍സിലേക്ക് കൊണ്ടുപോയത്.

Read Also: കൊച്ചി- ബേപ്പൂര്‍-അഴീക്കല്‍ ചരക്കുകപ്പല്‍ നിര്‍ത്തിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; സ്വകാര്യ കമ്പനിക്കെതിരെ വിമര്‍ശനം

ആംബുലന്‍സില്‍ ഒരു ഡോക്ടറും കോയമോന്റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. ആംബുലന്‍സിന് 20 വര്‍ഷത്തോളം പഴക്കമുണ്ട്. വാഹനം ആശുപത്രിയിലെത്തിയപ്പോള്‍ തൊട്ടുമുന്നില്‍ മറ്റ് ചില ആംബുലന്‍സുകളുണ്ടായിരുന്നതിനാല്‍ രോഗിയെ ഇറക്കാനുള്ള ഊഴത്തിനായി കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്ത് കോയമോന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വാതില്‍ അകത്തുനിന്നും തുറക്കാന്‍ ശ്രമിച്ചു. ഇതാണ് പൂട്ടുവീഴാന്‍ കാരണമായതെന്നാണ് ആംബുലന്‍സിന്റെ ഡ്രൈവര്‍ പറയുന്നത്. പൂട്ട് വീണതോടെ അരമണിക്കൂറിലധികമാണ് രോഗി വാഹനത്തിനുള്ളില്‍ കുടുങ്ങിയത്. പിന്നീട് മഴു ഉപയോഗിച്ചാണ് വാതില്‍ വെട്ടിപ്പൊളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *