എന്‍ഐഎ റെയ്ഡില്‍ ഒരു പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ ആയുധങ്ങളുമായാണ് കസ്റ്റഡിയിലെടുത്തത്. മുന്‍ നേതാക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിഎഫ്‌ഐ യൂണിഫോമുകളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെ കേന്ദ്രീകരിച്ചാണ് എന്‍ഐഎ റെയ്ഡ്. സംസ്ഥാന വ്യാപക റെയ്ഡിന്റെ ഭാഗമായി മധ്യകേരളത്തിലും വ്യാപക പരിശോധന നടന്നു. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ നടന്ന പരിശോധനയില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാഴ്ച മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളെ കേന്ദ്രീകരിച്ച് എന്‍ഐഎ ഓപ്പറേഷന്‍ ആരംഭിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ നിന്നടക്കം കൊച്ചിയിലെത്തിയ പ്രത്യേക സംഘം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ റെയ്ഡ് ആരംഭിച്ചു. മധ്യകേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളും ഓഫീസുകളുമടക്കം 11 സ്ഥലങ്ങളില്‍ പരിശോധന നടന്നു. എറണാകുളത്ത് മുപ്പത്തടം, മൂവാറ്റുപുഴ, എടവനക്കാട്, കുഞ്ഞുണ്ണിക്കര തുടങ്ങി എട്ടിടങ്ങളിലും, തൃശൂരില്‍ കേച്ചേരി പട്ടിക്കരയില്‍ ചാവക്കാട് മുനയ്ക്കകടവില്‍ റെയ്ഡ് നടന്നു. പാലക്കാടും മണ്ണാര്‍ക്കാട് കോട്ടപ്പാടത്ത് നാസര്‍ മൗലവിയുടെ വീട്ടിലായിരുന്നു റെയ്ഡ്. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും ആയിരുന്നു റെയ്ഡ്.
നേരത്തെ നടന്ന റെയ്ഡിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേതെന്നാണ് പ്രാഥമിക വിവരം. പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ ഫണ്ടിംഗ്, ചില കേന്ദ്രങ്ങളില്‍ നടന് രഹസ്യ യോഗങ്ങള്‍ എന്നിവയും പരിശോധനാ പരിധിയില്‍ പെട്ടിരുന്നു. ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.