ഭീകരപ്രവര്‍ത്തനത്തിന് പിഎഫ്‌ഐ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ; സംസ്ഥാന വ്യാപകമായി പരിശോധന
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ഫോണുകളും ബുക്ക്‌ലെറ്റുകളും പിടിച്ചെടുത്തു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരിയാര്‍വാലിയിലായിരുന്നു യോഗം. നിരോധിച്ച ശേഷവും പിഎഫ്ഐയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎ നല്‍കുന്ന പ്രാഥമിക വിവരം. നിരോധിച്ച സംഘടനയുമായി നേരത്തെ പ്രവര്‍ത്തിച്ചവരെ കൂടെകൂട്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും എന്‍ഐഎ കണ്ടെത്തല്‍.
എറണാകുളം ജില്ലയില്‍ മാത്രമായി എട്ടിടങ്ങളില്‍ എന്‍ഐഎ പരിശോധനയുണ്ട്. ജില്ലയില്‍ ആലുവ കേന്ദ്രീകരിച്ചാണ് പരിശോധന. റെയ്ഡില്‍ തെളിവുകളും സുപ്രധാന രേഖകളും കണ്ടെടുത്തു. എറണാകുളം മൂപ്പടത്ത് കമറുദീന്റെ വീട്ടിലും കാഞ്ഞിരമറ്റത്തും എന്‍ഐഎ സംഘമെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ വ്യവസായി തമര്‍ അഷ്‌റഫിന്റെ വീട്ടിലും റെയ്ഡ് നടന്നു.
തോന്നയ്ക്കലില്‍ പിഎഫ്‌ഐ മുന്‍ സോണല്‍ പ്രസിഡന്റ് നവാസിന്റെ വീട്ടിലും വിതുരയില്‍ സുല്‍ഫിയുടെ വീട്ടിലും പള്ളിക്കലില്‍ ഫസലിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. കൊല്ലം ചക്കുവള്ളിയില്‍ സിദ്ദിഖ് റാവുത്തറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക്‌ലെറ്റുകളും പിടിച്ചെടുത്തു. ഓച്ചിറയില്‍ അന്‍സാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. ഓച്ചിറയിലെ പരിശോധനയില്‍ ഫോണ്‍, സിംകാര്‍ഡ്, പിഎഫ്‌ഐ യൂണിഫോം എന്നിവ പിടിച്ചെടുത്തു.
പത്തനംതിട്ട ജില്ലയില്‍ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പൂര്‍ത്തിയായി. ജില്ലയിലെ പിഎഫ്‌ഐ സംസ്ഥാന സമിതിയംഗം നിസാറിന്റെ വീട്ടിലാണ് റെയ്ഡ്. നിസാറിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രസിദ്ധീകരണമുള്ള ബാഗും കണ്ടെടുത്തു. അടൂരില്‍ റെയ്ഡിനിടെ പ്രതിഷേധമുണ്ടായി. ആലപ്പുഴയില്‍ വീയപുരം, വണ്ടാനം, ചന്തിരൂര്‍, കായംകുളത്തിന് സമീപം ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വണ്ടാനത്ത് പിഎഫ്‌ഐ പ്രസിഡന്റായിരുന്ന നവാസിന്റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി.
മലപ്പുറം ജില്ലയില്‍ ഏഴിടങ്ങളിലായാണ് റെയ്ഡ് നടന്നത്. മഞ്ചേരിയില്‍ ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കി. ഒരു മൊബൈല്‍ ഫോണും ബാങ്ക് ഇടപാട് രേഖകളും കസ്റ്റഡിയിലെടുത്തു. മുന്‍ പിഎഫ്‌ഐ സംസ്ഥാന ചെയര്‍മാനായിരുന്ന അബ്ദുള്‍ ഹമീദിന്റെ വീട്ടിലും റെയ്ഡ് നടന്നു. കാസര്‍ഗോഡും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന.