Monday, January 6, 2025
Kerala

സംസ്ഥാനത്ത് പിഎഫ്‌ഐ നേതാക്കളുടെ വീട്ടില്‍ വ്യാപക എന്‍ഐഎ റെയ്ഡ്

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്. രണ്ടാം നിര നേതാക്കളുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. 56 ഇടങ്ങളില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നടക്കം ഉന്നത ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും തേടിയാണ് എന്‍ഐഎ പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് എറണാകുളം പെരിയാര്‍വാലിയില്‍ യോഗം ചേര്‍ന്നെന്നും എന്‍ഐഎ സംഘം കണ്ടെത്തി.

പുലര്‍ച്ചെ മൂന്നര മുതലാണ് റെയ്ഡ് ആരംഭിച്ചത്. നിരോധിച്ച ശേഷവും പിഎഫ്‌ഐയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎ നല്‍കുന്ന പ്രാഥമിക വിവരം. നിരോധിച്ച സംഘടനയുമായി നേരത്തെ പ്രവര്‍ത്തിച്ചവരെ കൂടെകൂട്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും എന്‍ഐഎ കണ്ടെത്തല്‍.

എറണാകുളത്ത് ആലുവ കുഞ്ഞുണ്ണിക്കരയില്‍ മുഹ്‌സിന്‍, ഫായിസ് എന്നിവരുടെ വീടുകളിലാണ് പരിശോധന. ജില്ലയില്‍ മാത്രം എട്ട് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊല്ലത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് കൂടിയായിരുന്ന പോരുവഴി ചക്കുവള്ളി ഭാഗത്തുള്ള സമ്പത്തിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന തുടങ്ങിയത്. എന്‍ഐഎയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പത്തനംതിട്ടയിലും റെയ്ഡ് പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *