Saturday, January 4, 2025
Kerala

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെസി വേണുഗോപാല്‍

തൃശൂര്‍: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ എതിർപ്പില്ലെ കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. കേന്ദ്ര സർക്കാരിന് കൃത്യമായ കാരണമുണ്ടെങ്കിൽ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജോഡോ യാത്രക്കിടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര്‍ അറസ്റ്റിലായി. തുടര്‍ന്ന് അറസ്റ്റിലും റെയ്ഡിലും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. സംസ്ഥാന-ദേശീയ നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്നും സൂചനയുണ്ട്. 

അതേസമയം, അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീക്ക് പായേത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യാനടക്കം കൂടുതല്‍ സമയം എന്‍ഐഎ ആവശ്യപ്പെടാനാണ് സാധ്യത. 

വെള്ളിയാഴ്ചത്തെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ  അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 281 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1013 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 819 പേരെ കരുതല്‍ തടങ്കലിലാക്കി. 

Leave a Reply

Your email address will not be published. Required fields are marked *