കുതിരാന് സമീപം ദേശീയ പാതയിൽ വിള്ളൽ; കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ
തൃശൂർ – പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം റോഡിൽ വീണ്ടും വിള്ളൽ. മൂന്ന് മീറ്ററോളം ദൂരത്തിലാണ് റോഡിലെ വിള്ളൽ. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് തകരാറിനു കാരണമെന്നാണ് ആരോപണം.
പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് വരുന്ന പാതയിലാണ് വഴക്കുംപാറ അടിപ്പാതയോട് ചേർന്നാണ് വിള്ളൽ കണ്ടെത്തിയത്. വിള്ളൽ മാസങ്ങൾക്ക് മുൻപ് ശ്രദ്ധയിൽപ്പെട്ടെങ്കിലും പ്രത്യേക മിശ്രിതം ഉപയോഗിച്ച് പാറപ്പൊടിയിട്ട് അടയ്ക്കുകയായിരുന്നു. എന്നാൽ ശാസ്ത്രീയമായ പരിഹാരത്തിന് ദേശീയപാത അതോറിറ്റിയോ കരാർ കമ്പനിയോ മുതിർന്നിരുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണമെന്നാണ് ആരോപണം. താഴെയുള്ള പണിതീരാത്ത സർവീസ് റോഡിലേക്ക് വിള്ളലുളള മുകളിലെ റോഡ് ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ.
റോഡിൽ വിള്ളൽ കണ്ട സംഭവത്തിൽ കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ ട്വന്റി ഫോറിനോട് പറഞ്ഞു. പദ്ധതിയിൽ കരാർ കമ്പനി വരുത്തിയ വീഴ്ച ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കും. ടോൾ പിരിവ് തുടങ്ങിയ കമ്പനി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെയും പാതയിൽ ലഭ്യമാക്കിയില്ലെന്നും മന്ത്രിയുടെ വിമർശനം. കരാർ കമ്പനിയുടെ വീഴ്ച പരിശോധിക്കൻ തിങ്കളാഴ്ച പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിലാണ് റോഡിൽ രണ്ട് മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നത്. മന്ത്രി കെ. രാജൻ ഉൾപ്പടെയുള്ളവർ അന്ന് സ്ഥലം പരിശോധിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ മാസങ്ങൾക്ക് മുൻപ് വിള്ളൽ വീണ് ഇടിഞ്ഞു തുടങ്ങിയതും കണ്ടെത്തിയിരുന്നു. ഇപ്പോൾ റോഡിൽ വീണ്ടും വിള്ളൽ കണ്ടെത്തിയതിൽ യാത്രികരും പ്രദേശവാസികളും ഒരുപോലെ ഭീതിയിലാണ്.