മണിപ്പൂർ സന്ദർശനം: ബിഷ്ണുപൂരിൽ രാഹുൽ ഗാന്ധിയുടെ വാഹന വ്യൂഹം പൊലീസ് തടഞ്ഞു
മണിപ്പൂരിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനം തടഞ്ഞ് മണിപ്പൂർ പൊലീസ്. ബിഷ്ണുപൂരിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് മണിപ്പൂർ പോലീസ് വാഹനം തടഞ്ഞത്. എന്നാൽ, യാത്രയുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ജനക്കൂട്ടം ആയുധങ്ങളുമായി തെരുവിലുണ്ട്. യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും പോലീസ് അറിയിച്ചു.
എന്തുകൊണ്ടാണ് പോലീസ് അനുവദിക്കാത്തതെന്ന് എന്നറിയില്ല എന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശനം ദുരിതബാധിതരെ കാണാനാണ്. 25 കിലോമീറ്ററോളം ദൂരം ആരും ഞങ്ങളെ തടഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി കാറിനുള്ളിൽ ഉണ്ട്. ഞനകളെ തടയാൻ ലോക്കൽ പൊലീസിന് ആരാണ് നിർദേശം നൽകിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ഇംഫാലിൽ എത്തിയ രാഹുൽ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകൾ ആദ്യം സന്ദർശിക്കാനാണ് തീരുമാനിച്ചത്. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കാനൊരുങ്ങിയത്. സംഘർഷം രൂക്ഷമായി തുടരുന്ന ഇംഫാലിലെ ജനങ്ങളുമായി രാഹുൽ ഗാന്ധി സംവദിക്കും. കലാപബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും.