കുതിരാന്‍ ദേശീയപാതയിലെ വിള്ളൽ; സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും
തൃശൂര്‍ കുതിരാന്‍ വഴുക്കുംപാറയില്‍ സര്‍വീസ് റോഡ് നിലനിര്‍ത്തി പാര്‍ശ്വഭിത്തി ബലപ്പെടുത്തും. പാര്‍ശ്വഭിത്തിയിലെയും ദേശീയപാതയിലെയും വിള്ളലുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐയും പൊതുമരാമത്ത് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍മാണത്തില്‍ കരാര്‍ കമ്പനിക്കും എന്‍എച്ച്എഐക്കും ഗുരുതരവീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി
മണ്ണുത്തി വടക്കഞ്ചേരി ദേശീയപതായില്‍ വഴുക്കുംപാതയിലെ വിള്ളലിന് ഒരുമാസത്തിനുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണാനുള്ള തീരുമാനമാണ് മന്ത്രി കെ രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. സര്‍വീസ് റോഡ് നിലനിര്‍ത്തി നിലവിലെ പാര്‍ശ്വഭിത്തിയുടെ
ചെരിവ് ശക്തിപ്പെടുത്തും. റോഡിന്‍റെ വശങ്ങള്‍ റീ പാക്ക് ചെയ്യാനും യോഗത്തില്‍ ധാരണയായി. എന്‍എച്ച്എഐയുടെ റസിഡന്‍റ് എഞ്ചിനീയര്‍രണ്ട് ദിവസത്തില്‍
ഒരിക്കലും സൈറ്റ് എഞ്ചിനീയര്‍ പ്രവൃത്തികള്‍വിലയിരുത്തും. കലക്ടര്‍ നിര്‍ദേശിക്കുന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥ സംഘം അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനമായിട്ടുണ്ട്
ഈ മേഖലയിലെ റോഡ് നിര്‍മാണത്തിലും പാര്‍ശ്വഭിത്തി നിര്‍മാണത്തിലും കരാര്‍കമ്പനിക്കും മേല്‍നോട്ടം വഹിച്ച എന്‍എച്ച്എഐയ്ക്കും ഗുരുതര വീഴ്ച ഉണ്ടായതായാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ദേശീയപാതയിലെ അപകടകരമായ വിള്ളലിനെ കുറിച്ചുള്ള വാര്‍ത്ത 24 ആണ് പുറത്തുകൊണ്ടുവന്നത്.
ഇതിന് പിന്നാലെയായിരുന്നു മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ ഹരിത വി കുമാറും സ്ഥലം സന്ദര്‍ശിക്കുകയും എന്‍എച്ച്എഐയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തത്. നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്.