ബഫര്‍സോണില്‍ ലഭിച്ചത് 20,000ലധികം പരാതികള്‍; ഒന്നില്‍പ്പോലും പരിഹാരമായില്ല
ബഫര്‍സോണില്‍ ലഭിച്ച ഇരുപതിനായിരത്തോളം പരാതികളില്‍ ഒന്നില്‍പോലും പരിഹാരമാകാതെ കെട്ടിക്കിടക്കുന്നു. ഫീല്‍ഡ് പരിശോധനയില്‍ തുടരുന്ന ആശയക്കുഴപ്പമാണ് പ്രതിസന്ധിക്ക് കാരണം. പരാതിയിന്മേലുള്ള പ്രാദേശിക റിപ്പോര്‍ട്ട് എങ്ങനെ കൈമാറുമെന്ന പഞ്ചായത്തുകളുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
ബഫര്‍സോണില്‍ ഇ-മെയിലായും പഞ്ചായത്തുകള്‍ വഴിയും ഇതുവരെ ലഭിച്ചത് ഇരുപതിനായിരത്തോളം പരാതികളാണ്. പരാതികളില്‍ വാര്‍ഡ്തല സമിതി സ്ഥലപരിശോധന നടത്തി വനംവകുപ്പിന് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശം. പിന്നീടിത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പരാതികളിലൊന്നില്‍ പോലും പരിഹാരമായുണ്ടായിട്ടില്ല.
ഫീല്‍ഡ് പരിശോധന എങ്ങനെ വേണമെന്നും വിവരങ്ങള്‍ എങ്ങനെ കൈമാറണമെന്നും വ്യക്തമായ നിര്‍ദേശമില്ലാത്തതാണ് പഞ്ചായത്ത് അധികൃതരെ കുഴയ്ക്കുന്നത്. വിവരങ്ങള്‍ നല്‍കാന്‍ കെസ്രക്ക് തയ്യാറാക്കുമെന്നറിയിച്ച ആപ്പിന്റെ സേവനം ലഭ്യമായി തുടങ്ങിയില്ല. ഫീല്‍ഡ് പരിശോധനയ്ക്കുള്ള പരിശീലവും ട്രാക്കിലായിട്ടില്ല.
പരാതി പരിഹാരത്തിലെ ഈ കാലതാമസം സുപ്രിംകോടതിയില്‍ നല്‍കേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനെയും ബാധിക്കുമെന്നാണ് ആശങ്ക. പരാതികള്‍ നല്‍കാന്‍ ജനുവരി ഏഴുവരെ സമയമുണ്ടെങ്കിലും ലഭിച്ച പരാതികള്‍ വേഗത്തില്‍ പരിഹരിച്ച് റിപ്പോര്‍ട്ടില്‍ ചേര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പരാജയപ്പെടുന്നത്.
അതേസമയം സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയ പുതിയ സീറോ ബഫര്‍സോണ്‍ ഭൂപടത്തിലും ഗുരുതര പിഴവുകളുണ്ടെന്ന് ഇന്നലെ ചേര്‍ന്ന വിദഗ്ധ സമിതി വിലയിരുത്തി. ബഫര്‍സോണ്‍, വനമേഖല എന്നിവയുടെ രേഖകള്‍ സംഗമിക്കുന്നിടത്ത് ഒരേ നിറമുള്ളത് ആശയക്കുഴപ്പം വര്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഭൂപടം ഇന്ന് പ്രസിദ്ധീകരിച്ചേക്കും.