പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍ സോണ്‍ 12 കി.മീ; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഉത്തരവ് പുറത്ത്
പരിസ്ഥിതി ലോല മേഖലയിലെ ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബഫര്‍ സോണ്‍ പന്ത്രണ്ട് കിലോമീറ്റര്‍ ആക്കണമെന്ന് തീരുമാനമെടുത്തത്.
ബഫര്‍ സോണില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന രേഖകള്‍ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രം നിര്‍ദേശിച്ച 10 കിലോമീറ്ററിനപ്പുറം ബഫര്‍സോണ്‍ 12 കിലോമീറ്ററായി നിശ്ചയിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. 2013 മെയ് 8 ന് ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാന പ്രകാരമുളള സര്‍ക്കാര്‍ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വി ഡി സതീശന്‍ ഉള്‍പ്പെടുന്ന ഉപസമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ ബഫര്‍സോണ്‍ 12 കിലോമീറ്ററാക്കിയത്. ബഫര്‍സോണില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
വിഷയത്തില്‍ യുഡിഎഫിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഹരിത എം എല്‍ എമാര്‍ക്കെതിരെ മന്ത്രി എ കെ ശശീന്ദ്രനും രംഗത്തെത്തി. ബഫര്‍ സോണ്‍ വിഷയത്തില്‍ യുഡിഎഫിന് ഇരട്ടത്താപ്പെന്ന് മന്ത്രി എം വി ഗോവിന്ദന്‍ ആരോപിച്ചു. ആരോപണ പ്രത്യാരോപണങ്ങളോടെ ബഫര്‍സോണില്‍ രാഷ്ട്രീയ പോരും കനക്കുകയാണ്