ബഫര്‍സോണ്‍ വിഷയം: വനം വകുപ്പ് വിദഗ്ധ സമിതി രൂപീകരിച്ചു
ബഫര്‍ സോണ്‍ വിഷയത്തിൽ ഫീല്‍ഡ് പരിശോധനയ്ക്കായി വിദഗ്ധ സമിതിയെ രൂപീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സമിതി.
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാന്‍ ആയിട്ടുള്ള സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസ് ഐ.എഫ്.എസ്(റിട്ട) എന്നിവരാണ് അംഗങ്ങള്‍.
ഈ സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ.എഫ്.എസ് (അഡീഷണല്‍ പി.സി.സി.എഫ് (വിജിലന്‍സ് & ഫോറസ്റ്റ് ഇന്റലിജന്‍സ്), ഡോ.റിച്ചാര്‍ഡ് സ്‌കറിയ (ഭൂമി ശാസ്ത്ര അധ്യപകന്‍), ഡോ. സന്തോഷ് കുമാര്‍ എ.വി (കേരള ജൈവ വൈവിദ്ധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി), ഡോ.ജോയ് ഇളമണ്‍, ഡയറക്ടര്‍ ജനറല്‍, കില (കണ്‍വീനര്‍) എന്നിവര്‍ അംഗങ്ങളാണ്.
കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിംഗ് & എന്‍വിയോണ്‍മെന്റല്‍ സെന്റര്‍ നേരത്തെ തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച് ആവശ്യമായ ഫീല്‍ഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിക്കുക. ഒരു കിലോ മീറ്റര്‍ ബഫര്‍ സോണ്‍ വരുന്ന മേഖലകളിലെ ജനസാന്ദ്രതയും ബഫര്‍ സോണ്‍ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ബഹു. സുപ്രീംകോടതിയെ ധരിപ്പിക്കാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.