രോഷത്തില്‍ പറഞ്ഞുപോകുന്ന വാക്കുകള്‍ ആത്മഹത്യാപ്രേരണയായി കാണാനാകില്ല: മധ്യപ്രദേശ് ഹൈക്കോടതി
കടുത്ത രോഷത്തില്‍ പറഞ്ഞുപോകുന്ന വാക്കുകളെ ആത്മഹത്യാപ്രേരണയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന ആരോപണം നേരിട്ടിരുന്ന മൂന്ന് പേര്‍ക്കെതിരായ നിയമനടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. സമാനകേസുകളില്‍ സുപ്രിംകോടതി എടുത്ത തീരുമാനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് സുജോയ് പോളാണ് മൂന്നുപേര്‍ക്കുമെതിരായ നിയമനടപടികള്‍ റദ്ദാക്കിയത്.
ദാമോ ജില്ലയിലെ പതാരി ഗ്രാമത്തില്‍ മുറാത്ത് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ഭൂപേന്ദ്ര ലോധി, രാജേന്ദ്ര ലോധി, ഭാനു ലോധി എന്നിവരുടെ ഭീഷണിയെ തുടര്‍ന്നാണെന്നായിരുന്നു പൊലീസിന്റെ എഫ്‌ഐആര്‍. ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരമായിരുന്നു മൂവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. പൊലീസ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് എതിരെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്.
രോഷത്തോടെ ഒരു വ്യക്തിപറയുന്ന വാക്കുകള്‍ അയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ഒരു മാനസിക പ്രക്രിയയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.