ബഫര്‍ സോണ്‍: പരാതി നല്‍കുന്നതിലും ജനങ്ങള്‍ക്ക് ആശയക്കുഴപ്പം; ജനവാസകേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം
ബഫര്‍സോണില്‍ വനംവകുപ്പ് പുതിയ ഭൂപടം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ ജനവാസകേന്ദ്രങ്ങളില്‍ ആശങ്ക. വയനാട്ടില്‍ പരാതികള്‍ പരിഹരിക്കാനായി തദ്ദേശ സ്ഥാപനങ്ങള്‍ ഗ്രാമസഭകള്‍ വിളിച്ചു. വയനാട്ടില്‍ ജനവാസ കേന്ദ്രങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭകള്‍ പുരോഗമിക്കുകയാണ്. പരാതി നല്‍കേണ്ടതില്‍ പോലും അവ്യക്തത തുടരുന്ന പാശ്ചാത്തലത്തിലാണ് യോഗം.
വയനാട് ജില്ലയില്‍ നൂല്‍പ്പുഴ പഞ്ചായത്തിലടക്കം വാര്‍ഡുതലത്തില്‍ അടുത്ത ദിവസങ്ങളില്‍ ഫീല്‍ഡ് സര്‍വേ തുടങ്ങും. ബഫര്‍സോണില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ സര്‍വേയുടെ ഭാഗമാകും. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നൂല്‍പ്പുഴ നെന്മേനി തിരുനെല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലുമാണ് ജില്ലയില്‍ ആശങ്ക നിലനില്‍ക്കുന്നത്.
ഉപഗ്രഹ സര്‍വേക്ക് പിന്നാലെ വനംവകുപ്പ് തയ്യാറാക്കിയ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലും ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടതോടെ പത്തനംതിട്ട തുലാപ്പള്ളിയിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളിയില് 2500ലധികം കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പ്രദേശത്തെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.