എല്ലാ ഡിപ്പോകളിലും മൂന്ന് മാസത്തിനകം ബയോമെട്രിക് പഞ്ചിങ് സംവിധാനം വരും; മന്ത്രി ആന്റണി രാജു
ബയോമെട്രിക് പഞ്ചിങ് സംവിധാനം മൂന്ന് മാസത്തിനകം കേരളത്തിലെ എല്ലാ ഡിപ്പോകളിലും നടപ്പിലാക്കുമെന്ന് മന്ത്രി ആന്റണി രാജു. ചീഫ് ഓഫീസിൽ നവംബർ ഒന്നിന് ബയോമെട്രിക് പഞ്ചിങ് നിലവിൽ വരും. കെഎസ്ആർടിസി ബസുകളിൽ ജനപ്രതിനിധികൾക്ക് ഫ്രീ പാസ് വേണ്ടന്ന ഹൈക്കോടതി പരാമർശം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം സമരത്തെ കുറിച്ച് പ്രതികരിക്കാനില്ല. ഫിഷറീസ് മന്ത്രിയും പോർട്ട് മന്ത്രിയും മറുപടി പറയുന്നതാണ് നല്ലതെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി. അതേസയമം, കെഎസ്ആർടിസിയുടെ തിരുവനന്തപുരം സിറ്റി സർക്കുലർ ബസുകളുടെ വരുമാനം ലാഭത്തിലേക്കെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം നഗരത്തിൽ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് 2021 നവംബർ 29 ന് ആണ് 64 സിറ്റി സർക്കുലർ സർവ്വീസ് ആരംഭിച്ചത്. ജൻറം ഡീസൽ ബസുകൾ ഉപയോഗിച്ചായിരുന്നു ഈ സർവ്വീസുകൾ .
തുടക്ക സമയത്ത് ആയിരത്തോളം യാത്രക്കാർ മാത്രമായിരുന്നു ഈ സർക്കുലർ ബസുകളിൽ യാത്ര ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ദിവസേന 34,000 ത്തിലധികം യാത്രക്കാരാണ് ദിനം പ്രതി ഈ ബസിനെ ആശ്രയിക്കുന്നത്. യാത്രാക്കാരുടെ എണ്ണം ഈ സാമ്പത്തിക വർഷം തന്നെ ദിവസേന 50,000 എന്ന ലക്ഷ്യത്തിൽ എത്തിക്കുകയെന്നതാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.