കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരും: ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. ബെവ്‌കോയുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
കഴിഞ്ഞ മാസമാണ് സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ തീരുമാനമായാത്. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക് നൽകുമെന്നും, ഇതിന് നിയമ തടസങ്ങൾ ഇല്ലെന്നും മന്ത്രി ആന്റണി രാജു വ്യക്‌തമാക്കിയിരുന്നു. കൂടാതെ കെഎസ്ആർടിസിക്ക് ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യം വാങ്ങാനായി എത്തുന്ന ആളുകൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡിപ്പോകളിൽ വർഷങ്ങളായി വാടകയ്‌ക്ക് പോകാതെ ഒഴിഞ്ഞു മുറികളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാമെന്ന ആശയം കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ മുന്നോട്ട് വെച്ചത്. നിലവിൽ ഭൂരിഭാഗം മദ്യശാലകളും സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ വൻ തുകയാണ് വാടകയായി ബെവ്‌കോ നൽകുന്നത്. ഡിപ്പോകളിൽ മദ്യശാലകൾ തുറക്കുന്നതോടെ ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കുകയും ചെയ്യുമെന്നായിരുന്നു അഭിപ്രായം.