കെഎസ്ആർടിസി ഡിപ്പോകളിൽ ബീവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് മന്ത്രി ആന്റണി രാജു
കെ എസ് ആർ ടി സി ഡിപ്പോകളിൽ ബീവറേജസ് ഔട്ട് ലെറ്റുകൾ തുറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിന് നിയമ തടസ്സങ്ങളില്ല. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ വാടക മുറി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു
മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആശയം. കെഎസ്ആർടിസിയുടെ ഡിപ്പോകളിൽ വർഷങ്ങളായി നിരവധി മുറികൾ വാടകക്ക് പോകാതെ കിടക്കുന്നുണ്ട്. ബെവ്‌കോയുടെ വിൽപ്പനശാലകളിൽ ഭൂരിഭാഗവും സ്വകാര്യ വാകട കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഉയർന്ന വാടകയാണ് ഇതിനായി ബെവ്‌കോ ചെലവാക്കുന്നതും. ഈ വരുമാനം കെഎസ്ആർടിസിക്ക് ലഭിക്കാൻ പുതിയ പദ്ധതി വഴി സഹായിക്കും.