കിളിക്കൊല്ലൂർ കള്ളക്കേസ് : സൈനികനും സഹോദരനും പൊലീസ് സ്റ്റേഷനിൽ വച്ചെന്ന് റിപ്പോർട്ട്
കിളിക്കൊല്ലൂർ കേസിൽ സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനും മർദ്ദനമേറ്റത് പൊലീസ് സ്റ്റേഷനിൽ വച്ചെന്ന് റിപ്പോർട്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. സൈനികനെയും സഹോദരനെയും മർദ്ദിച്ചതാരാണെന്ന് അറിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിഘ്‌നേഷിനെയും സൈനികനായ വിഷ്ണുവിനെയും മർദ്ദിച്ച സംഭവത്തിൽ ഇവർക്ക് മർദ്ദനമേറ്റത് പൊലീസ് സ്റ്റേഷനിൽ വച്ചല്ല എന്നായിരുന്നു പൊലീസിന്റെ വാദം. അത് പുറത്തുനിന്ന് ഉണ്ടായ മർദ്ദനമാണെന്നും അതിനുശേഷമാണ് ഇവർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതെന്നുമായിരുന്നു ആദ്യത്തെ വാദം. പൊലീസിന്റെ ഈ വാദം തള്ളിക്കളയുന്നതാണ് പോലീസിന്റെ തന്നെ റിപ്പോർട്ട്.
പൊലീസിൻറെ വാദങ്ങൾ തള്ളിക്കളയുമ്പോൾ തന്നെ പൊലീസുദ്യോഗസ്ഥരെ വെള്ളപൂശുന്ന തരത്തിലാണ് റിപ്പോർട്ട്. സൈനികനെയും സഹോദരനെയും സ്റ്റേഷനിൽ വച്ചാണ് മർദ്ദിച്ചത്. അതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നപ്പോഴും സൈനികനെയും സഹോദരനെയും മർദ്ദിച്ചത് ആരാണ് എന്ന് അറിയില്ല എന്നാണ് സിറ്റി പോലീസ് കമ്മീഷണർ ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിച്ചു എന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. പക്ഷേ അതിന് തെളിവുകൾ ഇല്ല എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.