എസ് രാജേന്ദ്രന്റെ വാദം തെറ്റ്; എസ് രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല നോട്ടിസ് നൽകിയത്, ഉടമസ്ഥതയിലുള്ള മറ്റൊരു വീടിന്
ദേവികുളം മുൻഎംഎൽഎ എസ് രാജേന്ദ്രന്റെ ഭൂമി കയ്യേറ്റത്തിൽ ഒഴിപ്പിക്കൽ നോട്ടിസിൽ കള്ളക്കളി. ഈ മാസം രണ്ടാം തിയതി നോട്ടിസ് നൽകിയെന്ന് ലാൻഡ് റവന്യു കമ്മീഷ്ണറെ അറിയിച്ചുവെങ്കിലും യഥാർത്ഥത്തിൽ നോട്ടിസ് നൽകിയത് 19നാണെന്ന് വ്യക്തമായി. എസ് രാജേന്ദ്രൻ താമസിക്കുന്ന വീടിന് നോട്ടിസ് നൽകിയെന്ന വാദവും പൊളിയുന്നു. വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് നോട്ടിസ് നൽകിയത്.
എസ് രാജേന്ദ്രൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത് താൻ താമസിക്കുന്ന വീട്ടിൽ നിന്ന് ഏഴ് ദിവസം ഒഴിഞ്ഞുപോകണമെന്ന നോട്ടിസ് ലഭിച്ചുവെന്നാണ്. എന്നാൽ റവന്യു വകുപ്പ് നോട്ടിസ് നൽകിയിരിക്കുന്നത് രാജേന്ദ്രൻ ഇപ്പോൾ താമസിക്കുന്ന വീടിനല്ല, മറിച്ച് ഇക്കാനഗറിലെ 843/A എന്ന എട്ട് സെന്റ് സ്ഥലത്തെ വീടിനാണ്. ഈ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.
നവംബർ 2ന് നോട്ടിസ് നൽകിയെന്നാണ് ഉദ്യോഗസ്ഥർ ലാൻഡ് റവന്യു കമ്മീഷ്ണറെ അറിയിച്ചിരുന്നത്. എന്നാൽ നവംബർ 20 ആയിട്ടും നടപടിയൊന്നും ഉണ്ടാകാതിരുന്നതിനെ തുടർന്ന് ലാൻഡ് റവന്യു കമ്മീഷ്ണർ കളക്ടറോട് വിശദീകരണം തേടിയപ്പോഴാണ് നോട്ടിസ് നൽകാൻ വൈകിപ്പിച്ചുവെന്ന കാര്യം പുറത്തറിയുന്നത്.