കോഴിക്കോട് മെഡിക്കൽ കോളജിൽ കുത്തിവെപ്പിന് പിന്നാലെ രോഗി മരിച്ച സംഭവം; ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് കുത്തിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് പൊലീസിന്റെ റിപ്പോർട്ട്. രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുക്കുന്നതിന് മുമ്പ് പരിശോധന നടത്തിയില്ലെന്നാണ് കണ്ടെത്തൽ. അസ്വാസ്ഥ്യം ഉണ്ടായപ്പോൾ ഹെഡ് നേഴ്സും പിന്നീട് വന്ന ഡോക്ടറും വിഷയം കാര്യമായി എടുത്തില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഇന്നോ നാളെയോ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും.
യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിലെ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കൂടരിഞ്ഞി സ്വദേശിയായ സിന്ധുവിൻ്റെ മരണത്തിലും കോഴിക്കോട് മെഡിക്കൽ കോളജ് പ്രതിസ്ഥാനത്താവുന്നത്. പനിയായി സിന്ധു ആശുപത്രിയിൽ എത്തുകയായിരുന്നു. കുത്തിവയ്പ്പിനെ തുടർന്ന് ഇവർക്ക് അസ്വസ്ഥതകൾ ഉണ്ടായി. ഇവർ മരണപ്പെടുകയായിരുന്നു. ഇത് മരുന്ന് മാറിയതിനാലാണെന്നാണ് കുടുംബം ആരോപിച്ചത്. എന്നാൽ, പാർശ്വഫലത്തെ തുടർന്ന് ആന്തരികമായ ഒരു അസ്വസ്ഥത ഉണ്ടായി. ഇത് മരണത്തിനു കാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇതിനെ തള്ളുന്ന കണ്ടെത്തലാണ് ഇപ്പോൾ പൊലീസ് നടത്തിയിരിക്കുന്നത്. കേസ് മെഡിക്കൽ ബോർഡ് അന്വേഷിക്കണം എന്ന റിപ്പോർട്ടാണ് ഇപ്പോൾ പൊലീസ് നൽകിയിരിക്കുന്നത്.
പനിക്ക് അവിടുന്ന് പ്രാഥമികമായി ചികിത്സ നൽകിയപ്പോൾ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം എന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ എത്തി ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഡെങ്കി ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
അതിനുശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു കുത്തിവയ്പ്പ് എടുത്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ കുത്തിവയ്പ്പ് എടുത്ത ശേഷം സിന്ധുവിന് പൂർണ്ണമായും ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിൽ ശരീരം തളർന്നു പോകുകയായിരുന്നു. തുടർന്ന് ഉടൻ മരണപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.