Sunday, January 5, 2025
Kerala

രാഹുലിന്റെ ഓഫീസ് ആക്രമണം, കോൺഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്. ഓഫീസ് അക്രമിച്ച എസ്എഫ്ഐക്കാർ അല്ല ചിത്രം താഴെയിട്ടതെന്ന എസ്‍പിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് തയ്യാറാക്കിയ തിരക്കഥയാണ് റിപ്പോർട്ടെന്നാണ് കോൺഗ്രസ് വിമർശനം. ഇതിനിടെ അക്രമം നടത്തിയ എസ്എഫ്ഐക്കാരെ പൊലീസ് തോളിൽതട്ടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിനിടെ ആരാണ് ഗാന്ധിജിയുടെ ചിത്രം തകർത്തതെന്ന വാദം മുറുകുന്നതിനിടെയാണ് കോൺഗ്രസിനെ കുരുക്കിയുള്ള പൊലീസ് റിപ്പോർട്ട് പുറത്തുവന്നത്. എസ്എഫ്ഐക്കാർ ഓഫീസ് ആക്രമിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു  റിപ്പോർട്ട്. എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം 4.04ന് എടുത്ത ഫോട്ടോയിൽ ചിത്രം ചുമരിലുണ്ടെന്നും, 4.29ന് വീണ്ടും എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം നിലത്ത് കിടന്നുവെന്നുമാണ് പൊലീസ് റിപ്പോ‍ർട്ട്. ഈ സമയം യൂത്ത് കോണ്‍ഗ്രസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം ഭരണപക്ഷ എംഎൽഎ, വി.ജോയി നിയസഭയിൽ സബ്‍മിഷനായി ഉന്നയിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വായിച്ചു.

പൊലീസ് റിപ്പോ‍ർട്ടിനെതിരെ സഭയ്ക്കകത്തും പുറത്തും രൂക്ഷമായ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരുടെ തോളിൽ പൊലീസ് തട്ടുന്ന ദൃശ്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പുറത്തുവിട്ടു.

അന്വേഷണത്തിനായി എഡിജിപി വയനാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചിത്രം നശിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ റിപ്പോർട്ട് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. പൊലീസ് റിപ്പോർട്ട് കോൺഗ്രസിനെതിരെ ആയുധമാക്കുകയാണ് സിപിഎം. അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം തടയുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് എഡിജിപി മനോജ് എബ്രാഹം നൽകിയ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *