ലോകായുക്ത ഓർഡിനൻസ്: ഗവർണറുടെ നിലപാട് നിർണായകമാകും, ഏറ്റുമുട്ടലൊഴിവാക്കാൻ സർക്കാർ
ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ ഇനി ശ്രദ്ധ മുഴുവൻ ഗവർണറിലേക്ക്. വിഷയത്തിൽ ഗവർണർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സർക്കാരിലേക്ക് മാറും.
ഓർഡിനൻസിന് അടിയന്തരമായി അംഗീകാരം നൽകേണ്ടെന്ന തീരുമാനാകും ഗവർണർ സ്വീകരിക്കുകയെന്നതാണ് വിവരം. രാജ്ഭവൻ ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഗവർണർ തേടിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ ഗവർണറുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിച്ചിരുന്നു.
പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധിസംഘം സംഘം ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് ഗവർണറെ കാണും. വ്യാഴാഴ്ച രാവിലെ ഇതിനായി പ്രതിപക്ഷ നേതാവ് അനുമതിതേടി. ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്തും നൽകിയിരുന്നു.