ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഉച്ചയോടെ ഹാജരാക്കണമെന്ന് ക്രൈംബ്രാഞ്ച്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം. ഇന്നുച്ചയ്ക്ക് രണ്ടരക്ക് മുമ്പായി ഫോണുകൾ ഹാജരാക്കണമെന്നാണ് നിർദേശം.
ദിലീപ്, സഹോദരൻ അനൂപ്, അപ്പു എന്നീ മൂന്ന് പ്രതികൾക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിം കാർഡ് ഇട്ടുവെന്നും കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ നിർണായക തെളിവ് ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കുന്നതിനായാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു
പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഫോൺ ഉച്ചയ്ക്ക് മുമ്പ് ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ സംഘം ഉന്നയിക്കും.