ബ്രഹ്മപുരം തീപിടുത്തത്തില്‍ ഉത്തരം വേണം; സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്
ബ്രഹ്മപുരം തീപിടുത്തത്തില്‍ സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ചോദ്യങ്ങളുന്നയിച്ചത്.
ചോദ്യങ്ങള്‍:
2019ല്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ടയുമായി ചര്‍ച്ച നടത്തിയിരുന്നോ?
വിവിധ കോര്‍പറേഷനുകളിലെ പദ്ധതി നടത്തിപ്പ് കരാര്‍ സോണ്‍ട കമ്പനിക്ക് ലഭിച്ചതെങ്ങനെ?
കൊല്ലത്തും കണ്ണൂരും ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് കരാര്‍ ലഭിച്ചത് എങ്ങനെയാണ്?
സോണ്‍ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തിയിട്ടുണ്ടോ?
സോണ്‍ട ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തതെന്തുകൊണ്ട്?
വ്യവസ്ഥയ്ക്ക് വിരുദ്ധമായി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കോര്‍പറേഷനോ അറിഞ്ഞിരുന്നോ?
കരാര്‍ ലംഘിച്ചിട്ടും ഏഴ് കോടി മൊബിലൈസേഷന്‍ അഡ്വാന്‍സും നാല് കോടിയും അനുവദിച്ചത് എന്തിന്?
സോണ്‍ട കമ്പനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിനും നേതാക്കള്‍ക്കും എന്താണ് ബന്ധമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, ഇത്രയും നിയമലംഘനങ്ങള്‍ നടത്തിയ ഒരു കമ്പനിയെയാണ് തദ്ദേശ മന്ത്രിയും മറ്റ് മന്ത്രിമാരും നിയമസഭയില്‍ പ്രതിരോധിച്ച് സംസാരിച്ചതെന്നും കുറ്റപ്പെടുത്തി.
അതിനിടെ ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും ഉടലെടുത്തു. ടോണി ചമ്മിണി മേയറായിരുന്ന കാലത്ത് കരാര്‍ ലഭിച്ച ജി ജെ ഇക്കോ പവര്‍ എന്ന കമ്പനി മൂലമാണ് ബ്രഹ്മപുരം പ്ലാസ്റ്റിക് മലയായതെന്ന് തുറന്നടിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ വേണുഗോപാല്‍ രംഗത്തെത്തി. തന്റെ മരുമകന്റെ കമ്പനിക്ക് സോണ്ട ഉപകരാര്‍ നല്‍കിയെന്നത് തെളിയിക്കാനും എന്‍ വേണുഗോപാല്‍ വെല്ലുവിളിച്ചു. അതേ സമയം വേണുഗോപാലിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടോണി ചമ്മിണി പറഞ്ഞു.