Saturday, April 12, 2025
Kerala

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് മതിയായ സൗകര്യമില്ല; ഹൈക്കോടതിയുടെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്ത്

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് മതിയായ സൗകര്യമില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ട്. ബയോ മൈനിംങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ പ്ലാന്റിൽ ഇല്ലെന്നും മാലിന്യസംസ്കരണം ശാസ്ത്രീയമായല്ല നടക്കുന്നതെന്നും സമിതി വ്യക്തമാക്കുന്നു. അതേസമയം തനിക്കെതിരെ കരാർ കമ്പനി ഉന്നയിച്ച ആരോപണങ്ങൾ തളളി മുന്‍മേയര്‍ ടോണി ചമ്മിണി രംഗത്തെത്തി.

തീവ ഗൗരവതരമായ കണ്ടെത്തലുകളാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. മാലിന്യ സംസ്കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്മപുരം പ്ലാന്റിൽ ഇല്ല. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചു.നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം സോണ്ടയ്ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സിപിഐഎം ഭയപ്പെടുത്തുന്നുവെന്ന് മുന്‍ മേയര്‍ ടോണി ചമ്മിണി ആരോപിച്ചു. സോണ്ടയുടെ എതിരാളി കമ്പനി തന്റെ ബന്ധുവെന്ന ആരോപണവും ടോണി ചമ്മിണി തള്ളി.

വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇതിനിടെ ബ്രഹ്മപുരം ജൈവ മാലിന്യ കരാര്‍ കമ്പനിക്കെതിരായ പരാതിയില്‍ പരാതിക്കാരന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *