രാഹുൽ ഗാന്ധിയുടെ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി: കെ.സുരേന്ദ്രൻ
മോദി സമുദായത്തെ അപമാനിച്ചതിന് വയനാട് എംപി രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും ദേശീയ നേതാക്കളെ കുറിച്ചുമെല്ലാം എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടിരിക്കുകയാണ്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് പ്രചരണം നടത്തിയ രാഹുലിനെയും കോൺഗ്രസിനെയും ഇന്ത്യൻ ജനത തൂത്തെറിഞ്ഞിരുന്നു. ഒരു വ്യക്തിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ ആകെ അപമാനിക്കുകയാണ് രാഹുൽ ചെയ്തത്. അത് ന്യായീകരിക്കുന്ന കോൺഗ്രസ് എന്ത് തരം മതേതരത്വമാണ് പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗാന്ധിയെ വധിച്ചത് ആർഎസ്എസ്സാണെന്ന നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന് കോടതി കയറി ഇറങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിച്ചതിന് പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് രാഹുൽ നേരിടുന്നത്. മോദിയോടുള്ള വെറുപ്പ് രാജ്യത്തോട് തീർക്കുകയാണ് രാഹുലും അദ്ദേഹത്തിന്റെ പാർട്ടിയും ചെയ്യുന്നത്. ജോഡോ യാത്രയ്ക്കിടെ രാജ്യത്ത് നിരവധി സ്ത്രീകൾ അതിക്രമത്തിന് ഇരയാവുന്നുവെന്നും അവർ ഇത് തന്നോട് തുറന്നു പറഞ്ഞുവെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.
ഇത്തരം ഒരു സംഭവം അറിഞ്ഞാൽ പൊലീസിൽ അറിയിക്കേണ്ട ബാധ്യത ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ചെയ്തില്ല. അതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ ഇരവാദം ഉയർത്തുകയാണ് രാഹുൽ ചെയ്തത്. ജനപ്രതിനിധി എന്ന നിലയിലും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ കുറച്ചുകൂടി പക്വത രാഹുൽ ഗാന്ധി കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.