Monday, January 6, 2025
Kerala

‘ബ്രഹ്മപുരം’ തൊടാതെ മുഖ്യമന്ത്രി; സഭയിലും മൗനം

തിരുവനന്തപുരം : ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൌനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്. സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ മൗനം തുടർന്നു. അതേ സമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശമന്ത്രിയുടെ സഭയിലെ മറുപടി.

കൊച്ചിയെ 12 ദിവസമായി ശ്വാസം മുട്ടിക്കുന്ന ബ്രഹ്മപുരം വിഷപ്പുകയെ ചൊല്ലി വലിയ പോരിനാണ് ഇന്ന് സഭ സാക്ഷിയായത്. തീ അണഞ്ഞെന്ന് ഭരണപക്ഷവും ഇല്ലെന്ന് പ്രതിപക്ഷവും സഭയിൽ പറഞ്ഞു. കരാർ നൽകിയതിലും തീ കത്തലിലുമെല്ലാം ആരോപണം നേരിടുന്ന സോൻടാ കമ്പനിക്ക് അന്വേഷണം തീരും മുമ്പെ ക്ലീൻ ചിറ്റ് നൽകിയ സർക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനമാണുയർത്തിയത്. പ്രതിപക്ഷ നേതാവിൻറെ വാക്കൗട്ട് പ്രസംഗത്തിന് മുമ്പെ തദ്ദേശമന്ത്രിക്ക് വിശദീകരണത്തിന് സ്പീക്കർ അവസരം നൽകിതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ബ്രഹ്മപുരത്ത് ഒരു പ്രശ്നവുമില്ലെന്ന് ആറിന് സഭയിൽ പറഞ്ഞ തദ്ദേശമന്ത്രിക്കും 10 ദിവസം കഴിഞ്ഞ് മാസ്കിടാൻ പറഞ്ഞ ആരോഗ്യമന്ത്രിയെയും പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *