കോഴിക്കോട് പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതി; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്ന് സൂചന
പരുക്കേറ്റ നിലയില്‍ റഷ്യന്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് സൂചന. കോഴിക്കോട് കൂരാച്ചുണ്ടിലാണ് സംഭവം.
യുവതിയുടെ ആണ്‍സുഹൃത്തിനെ കാണാനില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ കേസെടുക്കാന്‍ സാധിച്ചിട്ടില്ല.
റഷ്യന്‍ യുവതിയും ആണ്‍സുഹൃത്തും കൂരാച്ചുണ്ടില്‍ കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇയാളുടെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് വിവരം. കൂരാച്ചുണ്ട് പൊലീസ് എത്തിയാണ് പരുക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐസിയുവില്‍ നിന്ന് മാറ്റിയ ശേഷം യുവതിയുടെ മൊഴിയെടുത്ത് കേസെടുക്കാനാണ് പൊലീസ് നീക്കം.