Wednesday, April 9, 2025
Kerala

എം.വി ഗോവിന്ദൻ നയിക്കുന്ന സിപിഐഎം ജാഥയിൽ പങ്കെടുക്കാതെ ഇ.പി ജയരാജൻ

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജൻ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ നിന്നും ഇപി വിട്ടുനിന്നിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വിശദീകരിച്ചു.

പാർട്ടി സെൻ്ററിൽ നിന്നും വിട്ടു നിന്ന ഇപിയെ വീണ്ടും രംഗത്തിറക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന തരത്തിലാണ് ഇപി ജയരാജൻ അനൗദ്യോഗികമായി പ്രതികരിക്കുന്നത്.

അതേസമയം ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി ഇന്ന് രാവിലെ 8.30ന് കണ്ണൂർ പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഹാളിൽ പൗര പ്രമുഖരുമായി എംവി ഗോവിന്ദൻ്റെ സൗഹൃദ ചർച്ചയുണ്ട്. പിന്നീട് പതിവ് വാർത്താ സമ്മേളനം നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ 11ന് തലശേരി, വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.

അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ക്ലിഫ്ഹൗസിലേക്കടക്കം വ്യാപിപ്പിച്ച് സർക്കാരിനെയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *