എം.വി.ഗോവിന്ദൻ സിപിഐഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്
എം വി ഗോവിന്ദൻ സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ. നിലവിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയാണ് എം വി ഗോവിന്ദൻ. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു.
കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദൻ. സിസിയോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് എം.വി.ഗോവിന്ദനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു.