Thursday, January 23, 2025
Kerala

ഗവർണറുടേത് സംഘപരിവാര്‍ അജണ്ട; പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ

ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവംബര്‍ 15ന് രാജ്ഭവന്‍റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം.ഉന്നത വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ആര്‍എസ്എസ് ശ്രമം. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.

സർവകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്.
ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നു.സർവകലാശാലാ പ്രവർത്തനങ്ങൾക്ക് ഗവർണർ തുരങ്കം വയ്ക്കുകയാണ്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ആർ എസ് എസുകാരെ തിരുകി കയറ്റാൻ വേണ്ടിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നവംബർ 2 ന് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും.10 ന് മുൻപ് ജില്ലാതല പരിപാടികൾ നടത്തും.12 ന് മുമ്പ് കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.15 ന് രാജ്ഭവന് മുന്നിൽ ധർണ നടത്തുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

അതേസമയം ഗവര്‍ണറുടെ നീക്കങ്ങള്‍ക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധം കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായി മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇല്ലാത്ത അധികാരങ്ങളാണ് ഗവര്‍ണര്‍ പ്രയോഗിക്കുന്നതെന്നും കാനം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *