Sunday, January 5, 2025
Kerala

അഭിനയ സപര്യക്ക് അന്ത്യം: കെ പി എ സി ലളിതക്ക് വിട ചൊല്ലി കലാകേരളം

 

അന്തരിച്ച വിഖ്യാത നടി കെപിഎസി ലളിതക്ക് ആദരാഞ്ജലികൾ നേർന്ന് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാള ചലചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്ത് നിന്ന ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു

ലളിതയുടെ വിയോഗം കേരളത്തിലെ സാംസ്‌കാരിക മേഖലക്ക് അപരിഹാര്യമായ നഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാക്കാലത്തും ഇടതുപക്ഷത്തോടൊപ്പം നിന്ന ധീരവനിതയാണ് കെപിഎസി ലളിത. അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും കോടിയേരി പറഞ്ഞു

അഭിനയപാടവം കൊണ്ട് ഓരോ കാഥാപാത്രത്തെയും അനുപമമാക്കിയ നടിയാണ് ലളിതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നാടക വേദി മൂർച്ച കൂട്ടിയതാണ് അവരുടെ അഭിനയ പാടവം. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ സപര്യക്കാണ് അവസാനമായിരിക്കുന്നതെന്നും സതീശൻ പറഞ്ഞു

കൈയിൽ കിട്ടുന്ന ഏത് കാഥാപത്രത്തെയും അനന്യമായ അഭിനയ മികവോടെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കവർന്ന അഭിനേത്രിയായിരുന്നു കെപിഎസി ലളിതയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മലയാള സിനിമയുടെ വലിയ വിയോഗമാണെന്നും ചെന്നിത്തല പ്രതികരിച്ചു

വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി പറഞ്ഞു. അമ്മയെ പോലെ സ്‌നേഹിച്ചിരുന്ന ഒരാളാണ് യാത്രയായതെന്ന് നടി മഞ്ജുവാര്യർ പറഞ്ഞു.  മലയാള സിനിമക്കും മലയാളികൾക്കും വലിയ നഷ്ടമാണ് ലളിതയുടെ വിയോഗമെന്ന് സംവിധായകൻ കമൽ പ്രതികരിച്ചു. ലളിതയെ വെല്ലാൻ മറ്റൊരു ആർട്ടിസ്റ്റ് ഉണ്ടായിരുന്നില്ലെന്ന് ഇന്നസെന്റ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *