സിൽവർ ലൈൻ: ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്ന് ധനമന്ത്രി
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്ന് ബാലഗോപാൽ പറഞ്ഞു. 39700 കോടി രൂപ വിദേശ വായ്പയിലൂടെ കണ്ടെത്തണം. ഡിപിആർ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡിപിആർ അംഗീകരിച്ചാൽ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചർച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി.
വേഗതയേറിയ ട്രെയിനുകൾക്ക് സ്റ്റാൻഡേർഡ് ഗേജ് അഭികാമ്യമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് പറഞ്ഞ മന്ത്രി സംസ്ഥാനത്തിന് അർഹമായ വിഹിതം കേന്ദ്രം നൽകുന്നില്ലെന്നും ആരോപിച്ചു. കടം എടുക്കുന്നത് കൊണ്ട് വികസന പ്രവർത്തനങ്ങൾ വർധിക്കും. കടം കേറി കേരളവും കേരളത്തിലെ ജനങ്ങളും നശിച്ച് പോകില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.