നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഇന്ന് ആരംഭിക്കും. അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ പാസാക്കാനാണ് സഭ സമ്മേളിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരിക്കും ഇന്ന് ചേരുക. മറ്റു നടപടി ക്രമങ്ങൾ ഉണ്ടായിരിക്കില്ല. അതേസമയം ലോകായുക്താ, വി.സി നിയമന ഭേദഗതികൾക്കെതിരെ സഭയിലും പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.
11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ സഭ ചേരുന്നത്. ഓഗസ്റ്റ് 23, 24 തീയതികളിൽ ആറു ബില്ലുകൾ അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിനങ്ങളിലെ നിയമനിര്‍മാണത്തിനായുള്ള സമയക്രമം കാര്യോപദേശക സമിതി തീരുമാനിക്കും. സഭ 10 ദിവസം സമ്മേളിച്ച ശേഷം സെപ്റ്റംബര്‍ 2ന് പിരിയും.
അവതരിപ്പിക്കുന്ന ബില്ലുകൾ: 2022ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബില്‍, 2022-ലെ കേരള മാരിടൈം ബോര്‍ഡ് (ഭേദഗതി) ബില്‍, 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍, ദി കേരള ലോകായുക്ത (ഭേദഗതി ) ബില്‍, ദ് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ (അഡിഷനല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്റ്റ്സ് സെര്‍ട്ടന്‍ കോര്‍പ്പറേഷന്‍സ് ആന്റ് കമ്പനീസ്) ഭേദഗതി ബില്‍, 2022ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍.