Monday, April 14, 2025
Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4മുതല്‍ നവംബര്‍ 12വരെ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബര്‍ നാലിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന മൂന്നാം സമ്മേളനം 24 ദിവസം ചേര്‍ന്നതിനുശേഷം നവംബര്‍ 12ന് അവസാനിക്കും. കലണ്ടര്‍ പ്രകാരം 19 ദിവസം നിയമനിര്‍മ്മാണ കാര്യത്തിനും 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കും നീക്കിവച്ചിട്ടുണ്ട്.

കേരള നിയമസഭയുടെ അഭിമാന പദ്ധതിയായ ‘ഇ’ നിയമസഭാ പ്രൊജക്ട് പൂര്‍ത്തീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സഭയ്ക്കകത്ത് നടക്കുന്ന എല്ലാ നടപടികളും കടലാസ് രഹിതമാക്കുന്നതിന്റെ ഔപചാരിക ലോഞ്ചിങ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവു വന്നിട്ടുള്ള സാഹചര്യത്തില്‍ സഭയുടെ സന്ദര്‍ശക ഗാലറികളിലേക്ക് പരിമിതമായ തോതില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുന്ന കാര്യവും പരിഗണിച്ചു വരുന്നുണ്ട്.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കോണ്‍ഫറന്‍സുകള്‍, സ്‌കൂള്‍കോളജ് വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തുടങ്ങിയവ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ്. കൊവിഡ് ഭീഷണി ഒഴിയുന്ന മുറയ്ക്ക് നിയമസഭാ മ്യൂസിയം, നിയമസഭാ ലൈബ്രറി എന്നിവയുടെ വിപുലീകരണത്തിനായുള്ള പരിപാടികളും ആവിഷ്‌കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *