നിയമസഭാ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ; സംസ്ഥാന ബജറ്റ് ജൂൺ 4ന്
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ നടക്കും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. വോട്ട് ഓൺ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.
മെയ് 28ന് രാവിലെ ഗവർണർ നയപ്രഖ്യാപനം നടത്തും. പിന്നീട് നയപ്രഖ്യാപനത്തിൻമേലുള്ള ചർച്ച നടക്കും. ധനമന്ത്രിയായ കെ എൻ ബാലഗോപാലിന്റെ ആദ്യ ബജറ്റാണിത്. കൊവിഡിനെ തുടർന്ന് തകർന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.