കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകക്കേസില്‍ പ്രതി അര്‍ഷാദിനെ 8 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇന്നലെ പുലര്‍ച്ചെയോടെയാണ് അര്‍ഷാദിനെ കാസര്‍ഗോഡ് ജയിലില്‍ നിന്നും കൊച്ചിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യത്തെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 27 വരെ അര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിരുന്നു.
ചോരക്കറ കണ്ടെത്തിയ ആയുധത്തില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അര്‍ഷാദിന്റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് കണ്ടെത്തിയാല്‍ കേസിലെ നിര്‍ണായ തെളിവായി ആയുധം മാറും. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അര്‍ഷാദ് മഞ്ചേശ്വരത്ത് നിന്നും പിടിയിലായത്.