രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി നടി തൃഷ
തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നു. വൈകാതെ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. ഇളയ ദളപതി വിജയ്‌യുടെ ജനസേവനപ്രവർത്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്നാണ് സൂചന. തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
എം ജി ആർ, ജയലളിത, വിജയകാന്ത് തുടങ്ങി ഖുഷ്‌ബു, കമലഹാസൻ എന്നിവരിൽ എത്തിനിൽക്കുന്ന തമിഴ് രാഷ്ട്രീയത്തിലേക്കാണ് പുത്തൻ താരോദയമാകാൻ തൃഷ ഒരുങ്ങുന്നത്. കോൺഗ്രസ് നേതാക്കൾ താരവുമായി അനൗദ്യോഗിക ചർച്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. തൃഷയും രാഷ്ട്രീയപ്രവേശനത്തിന്റെ വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല.
ബ്രഹ്മാണ്ഡ സിനിമ പൊന്നിയൻ സെൽവനാണ് തൃഷയുടേതായി പുറത്ത് വരാനുള്ള സിനിമ. സെപ്തംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളിലെത്തുന്നത്. അരവിന്ദ് സ്വാമിയുടെ സതുരംഗ വേട്ടൈ 2, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദി റോഡ്, മലയാളം ചിത്രം റാം എന്നിവയാണ് താരത്തിന്റെ മറ്റ് പുതിയ ചിത്രങ്ങൾ.