കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്ക്ക്; നിഗമനത്തിൽ പൊലീസ്
കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്.
കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന അർഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി. കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവർ ലോക്കേഷൻ. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും അർഷാദിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അർഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്.
കൊലപാതകം വിവരം പുറത്ത് വന്നതോടെ പ്രധാന പ്രതി അർഷാദ് കൊച്ചിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുന്നത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അശ്വന്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 5 ഗ്രാം എംഡി എം എ യും, ഒരു കിലോ കഞ്ചാവും കണ്ടെത്തി. രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ലഹരി മരുന്ന് ഇടപാടിനെ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് സംശയിക്കുന്നു.