കാക്കനാട് ഫ്ലാറ്റിലെ കൊലപാതകം; മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ
കൊച്ചി കാക്കനാട് ഫ്ലാറ്റിലെ കൊലപാതകത്തിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന അർഷാദ് പിടിയിൽ. കാസർഗോഡ് നിന്നാണ് ഇയാൾ പിടിയിലായത്.
സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർഗോഡ് അതിർത്തിയിൽ നിന്ന് അർഷാദ് പിടിയിലാവുന്നത്. ഇന്നലെ ഉച്ചക്ക് ഇയാൾ കോഴിക്കോട് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു. അതുകൊണ്ട് തന്നെ വടക്കൻ ജില്ലകളിൽ കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ.
കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം റൂമിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് മരിച്ചത്. കൊലപാതകമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകത്തിൽ ഒന്നിലധികം ആളുകൾക്ക് പങ്കുണ്ടോ എന്നുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ അർഷാദിനെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവന്ന ആശിഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
അഞ്ച് സുഹൃത്തുകൾ ഒന്നിച്ചായിരുന്നു ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് സുഹൃത്തുക്കൾ ഫ്‌ലാറ്റിൽ സജീവ് കൃഷ്ണയെ കാണാതെ പരിഭ്രമിച്ചു. സജീവിനൊപ്പം അർഷാദുണ്ടെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞതിനെത്തുടർന്ന് അർഷാദിനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കള്ളത്താക്കോലിട്ട് ഒടുവിൽ ഫ്‌ളാറ്റിന്റെ വാതിൽ സുഹൃത്തുക്കൾ തുറന്നു. പുതപ്പിൽ കെട്ടിപ്പൊതിഞ്ഞ നിലയിലുള്ള സജീവ് കൃഷ്ണയുടെ മൃതദേഹം ചൂണ്ടിക്കാട്ടിയത് അർഷാദിന്റെ സുഹൃത്ത് ആശിഷായിരുന്നു. ഇയാൾ മൃതദേഹത്തിനടുത്തേക്ക് പെട്ടെന്ന് എത്തിയതിലുൾപ്പെടെ പൊലീസിന് സംശയമുണ്ട്.
ദിവസങ്ങൾക്ക് മുൻപ് അർഷാദിനേയും സജീവ് കൃഷ്‌ണേയേയും ഒരുമിച്ച് കണ്ടിരുന്നെന്നും ഇരുവരോടും സംസാരിച്ചിരുന്നെന്നും ഫ്‌ളാറ്റ് നോക്കിനടത്തുന്ന ജലീൽ ട്വന്റിഫോറിനോട് പറഞ്ഞു. ആശിഷാണ് അർഷാദിനെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞു. സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന അർഷാദിന്റെ മൊബൈൽ ഫോൺ ദിവസങ്ങളായി സ്വിച്ച് ഓഫ് ആണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. മലപ്പുറം കൊണ്ടോട്ടിയിലെ ജ്വല്ലറിയിൽ നിന്നും 3 പവൻ സ്വർണം മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞെന്ന കേസ് ഇയാൾക്കെതിരെ മുൻപ് ചാർജ് ചെയ്തിട്ടുണ്ട്.