സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി
സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു
പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്നത്തിന് കാരണമാകും.
ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന് പോകുന്ന വിദ്യാർഥികൾക്കും തടസങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെ പരമാവധി ഓൺലൈൻ ക്ലാസുകളിലൂടെ ഇത് മറികടക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കൂടുതൽ ക്ലാസുകൾ നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നൽകുന്നതിനെക്കുറിച്ചും വൽക്ക്ഷീറ്റുകൾ അടക്കമുള്ളവ വീടുകളിൽ എത്തിച്ചു നൽകുന്നതിനെക്കുറിച്ചും വിശദമായ ചർച്ചയാണ് ഇന്നത്തെ യോഗത്തിലുണ്ടായത്