Sunday, January 5, 2025
National

മൂന്ന് മുതൽ 19 വയസ്സുവരെ നിർബന്ധിത വിദ്യാഭ്യാസം; ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ഇല്ലാതാകും: പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം

വിദ്യാഭ്യാസ രീതി അഴിച്ചുപണിയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 2030ഓടെ എല്ലാവർക്കും വിദ്യാഭ്യാസമെന്നതാണ് ലക്ഷ്യം വെക്കുന്നത്. മൂന്ന് വയസ്സ് മുതൽ 18 വയസ്സ് വരെ നിർബന്ധിത വിദ്യാഭ്യാസമാണ്. എൽ പി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി രീതികൾ ഇല്ലാതകും

5+3+3+4 എന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. 12 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസവും 3 വർഷത്തെ പ്രീ സ്‌കൂൾ വിദ്യാഭ്യാസവും അടങ്ങുന്നതാണിത്. 10+2 എന്ന ഘടന ഒഴിവാകും. മൂന്ന് മുതൽ 8 വയസ്സുവരെ പ്രീ പ്രൈമറി തലവും 8-11, 11-14, 14-18 എന്നിങ്ങനെ മറ്റ് സ്‌കൂൾ തലവും പുതിയ രീതിപ്രകാരം വരും.

18 വർഷം കൊണ്ട് 12 ഗ്രേഡുകളുണ്ടാകും. അടുത്ത 15 വർഷത്തിനുള്ളിൽ അഫിലിയേറ്റഡ് കോളജ് സമ്പ്രദായം നിർത്തലാക്കും. എം ഫിൽ നിർത്തലാക്കും. അണ്ടർ ഗ്രാജുവേറ്റ് കോഴ്‌സുകൾ മൂന്നോ നാലോ വർഷമായിരിക്കും. ഈ കോഴ്‌സുകളിലെ പഠനം ഇഷ്ടാനുസരണം ഇടക്ക് വെച്ച് നിർത്താനും ഇടവേള എടുക്കാനും അനുവാദമുണ്ട്.

പി ജി പഠനം ഒന്നോ രണ്ടോ വർഷമാകാം. ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ അഞ്ച് വർഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സായിരിക്കും. ആറാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും. ഇന്റേൺഷിപ്പും ഉൾപ്പെടുത്തും.

അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിലാകും പഠനം. എട്ട് വരെയും അതിന് മുകളിലേക്കും ഭാഷ തിരഞ്ഞെടുക്കാനുള്ള അനുവാദമുണ്ട്. ഉന്നത വിദ്യാഭ്യാസ പ്രവേശനം പൊതുപരീക്ഷയെ അടിസ്ഥാനമാക്കിയാകും. എട്ട് പ്രധാന പ്രാദേശിക ഭാഷകളിൽ പുതിയ കോഴ്‌സുകൾ കൊണ്ടുവരും. ശാസ്ത്ര അവബോധം വളർത്തുന്നതിന് ഊന്നൽ നൽകും. പാഠ്യപദ്ധതി ലഘൂകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *