എഐ ക്യാമറാ വിവാദമുയര്‍ത്തി കമ്പനിയെ അപകീര്‍ത്തിപ്പെടുത്തി; വി.ഡി സതീശന് വക്കീല്‍ നോട്ടീസയച്ച് SRIT
എഐ ക്യാമറാ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസയച്ച് എസ്ആര്‍ഐടി കമ്പനി. കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തെളിവുകള്‍ സഹിതം മറുപടി നല്‍കുമെന്ന് വിഷയത്തില്‍ വി ഡി സതീശന്‍ പ്രതികരിച്ചു.
എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു. ട്രോയിസ് കമ്പനിയില്‍ നിന്ന് തന്നെ സാധങ്ങള്‍ വാങ്ങണമെന്ന് കരാറുണ്ടാക്കി. പ്രസാദിയോയാണ് ഈ കരാറുണ്ടാക്കിയത്. കണ്‍ട്രോള്‍ റൂമടക്കം എല്ലാ ഉപകരണങ്ങളും ഉള്‍പ്പടെ 57 കോടിയാണ് ട്രോയിസ് പ്രൊപോസ് നല്‍കിയിരിക്കുന്നത്. അതു തന്നെ യഥാര്‍ത്ഥത്തില്‍ 45 കോടിക്ക് ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ 151 കോടിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. എസ്ആര്‍ഐടിക്ക് ആറ് ശതമാനം വെറുതെ കമ്മീഷന്‍ കിട്ടി. ബാക്കി തുക എല്ലാവരും കൂടി വീതിച്ചെടുക്കാനായിരുന്നു പദ്ധതിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
തുടര്‍ച്ചയായി വി ഡി സതീശനും രമേശ് ചെന്നിത്തലയും എ ഐ ക്യാമറാ വിവാദമുയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചിരുന്നു. തുടര്‍ന്ന് വിവാദങ്ങളാരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മൗനം വെടിഞ്ഞത്. വിവാദങ്ങളില്‍ കുബുദ്ധികളോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ജനങ്ങളോട് മാത്രം മറുപടി പറയാനാണ് സര്‍ക്കാരിന് ബാധ്യതയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.