Sunday, January 5, 2025
Kerala

പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവന’; ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല: പി രാജീവ്

പ്രതിപക്ഷ നേതാവിന്റേത് നിലവാരമില്ലാത്ത പ്രസ്താവനയെന്ന് മന്ത്രി പി രാജീവ്. ഹിന്ദു ഐക്യവേദിയിലെ ആരും വീട്ടിലും ഓഫീസിലും വന്നിട്ടില്ല. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിൽ എവിടെയും ഹിന്ദുഐക്യവേദി എന്ന പദം പോലും പരാമർശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 1977 ൽ മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങി ജയിക്കാൻ അന്ന് ബിജെപിയുണ്ടോയെന്ന് പി രാജീവ് ചോദിച്ചു

നമ്മൾ രാഷ്ട്രീയത്തെ സമീപിക്കേണ്ടത് പ്രശ്നങ്ങളെ പക്വതയോടെ കാണാനും ഉയർന്നുവരുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയമായി അഭിമുഖീകരിക്കാനുമാണ്. പ്രതിപക്ഷ നേതാവ് ഇന്ന് നടത്തിയ പത്ര സമ്മേളനം അദ്ദേഹം ഇരിക്കുന്ന പദവിയിലും അദ്ദേഹത്തിന്റെ നിലവാരത്തിന് താഴെയാണ്. ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിലേയും ഓഫീസിലേയും സ്ഥിരം സന്ദർശകനാണെന്ന് പറഞ്ഞ വിഡി സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. അങ്ങിനെയാണോ കോൺഗ്രസിന്റെ ഒരു നേതാവ് പ്രതികരിക്കേണ്ടത്’- പി രാജീവ് പറഞ്ഞു.

അതേസമയം നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശപ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിനെ തെരെഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ട്. ആർ എസ് എസ് പരിപാടിയിൽ പറഞ്ഞത് കോൺഗ്രസ് ആശയങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *