പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്; കേരള കോൺഗ്രസ് നിലപാട് മയപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്
സിപിഐഎം – കേരളാ കോൺഗ്രസ് തർക്കം രൂക്ഷമായ പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്. സിപിഐഎം പരിഗണിച്ച ബിനു പുളിക്കകണ്ടത്തിനെതിരെ കേരളാ കോൺഗ്രസ് രംഗത്തുവന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം അനിശ്ചിതത്വത്തിലായി. ഇന്ന് രാവിലെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്ന് കേരളാ കോൺഗ്രസ് നിലപാട്. കേരള കോൺഗ്രസ് നിലപാട് മയപ്പെടുത്തണമെന്ന് സിപിഐഎമും ആവശ്യപ്പെടുന്നു. സ്വതന്ത്രയായ വനിതാ അംഗത്തെ ചെയർമാനാക്കി സമവായത്തിനും സിപിഐഎം നീക്കം നടത്തുന്നുണ്ട്. എന്നാൽ സിപിഐഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏക അംഗമായ ബിനുവിനെ ചെയർമാനാക്കണമെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട്. ബിനുവിനെ ഒഴിവാക്കിയാൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്നും നേതൃത്യം വിലയിരുത്തുന്നു.
ജോസ് കെ മാണിയുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രം തീരുമാനം എടുത്താൽ മതിയെന്ന നിർദ്ദേശമാണ് സിപിഐഎം സംസ്ഥാന നേതൃത്വം നൽകിയിരിക്കുന്നത്. കേരളാ കോൺഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗൺസിൽ യോഗത്തിനിടെ മർദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോൺഗ്രസിൻ്റെ അതൃപ്തിയ്ക്ക് കാരണമാണ്. കേരളാ കോൺഗ്രസിൻ്റെ വിലപേശൽ തന്ത്രത്തിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു.