കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി
കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ ധാർമികമായ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ജോസ് കെ മാണി വിഭാഗം മടിച്ചതിനെ തുടർന്നാണ് നാടകീയ നീക്കം. പലതവണ സമവായ ചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്.
മുന്നണിയിലെ ലാഭനഷ്ടം നോക്കുന്നില്ലെന്നും പലതവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ പറഞ്ഞു
കെ എം മാണിയുടെ മരണത്തെ തുടർന്നാണ് കേരളാ കോൺഗ്രസിൽ ഗ്രൂപ്പിസം ഉടലെടുത്തത്. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും തമ്മിൽ തർക്കം ആരംഭിക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം കാലം യുഡിഎഫ് കയ്യിൽ വെച്ച പാലാ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.