പാലായിലെ തര്‍ക്കം: സിപിഐഎം കടുത്ത ആശയക്കുഴപ്പത്തില്‍; ജോസ് കെ മാണിക്ക് വഴങ്ങരുതെന്ന് സിപിഐ
പാലായിലെ തര്‍ക്കത്തില്‍ സിപിഐഎം കടുത്ത ആശയക്കുഴപ്പത്തില്‍. പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസ് കെ മാണിയുടെ സമ്മര്‍ദത്തിന് വഴങ്ങി ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കാനാണ് സാധ്യത. പകരം വനിതാ അംഗത്തെ ചെയര്‍മാന്‍ ആക്കിയേക്കും. എന്നാല്‍ ജോസ് കെ മാണിക്ക് വഴങ്ങരുതെന്ന കടുത്ത നിലപാടിലാണ് സിപിഐഎം പാലാ ഏരിയ കമ്മിറ്റി. കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ നീക്കത്തില്‍ സിപിഐയും അതൃപ്തി അറിയിച്ചു. ഇതിനിടെ ബിനു പുളിക്കകണ്ടത്തിനെതിരായ മര്‍ദന ദൃശ്യങ്ങളും കേരള കോണ്‍ഗ്രസ് എം പുറത്തുവിട്ടു.
പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സിപിഐഎം സ്ഥാനാര്‍ഥി ആരാണെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പരസ്യമായി ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ ആക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും പ്രതികരിക്കുന്നത്.
എന്നാല്‍ പാലായില്‍ വലിയ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് കേരള കോണ്‍ഗ്രസ് എം മെനയുന്നത്. ബിനുവിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരളാ കോണ്‍ഗ്രസ് സിപിഐഎം നേതൃത്വത്തെ അറിയിച്ചു എന്നാണു വിവരം.അതിനിടെ ബിനു കേരളാ കോണ്‍ഗ്രസ് അംഗം ബൈജു കൊല്ലമ്പറമ്പിലിനെ കൗണ്‍സിലിനിടെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കേരളാ കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിനു ജോസ് കെ മാണിക്ക് എതിരെ നീക്കം നടത്തിയെന്ന ആരോപണവും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാണ്.